കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയെഴുതിക്കൊടുത്ത സംഭവത്തില്‍ അധ്യാപകനെ കൈയൊഴിഞ്ഞ് സ്കൂള്‍ അധികൃതര്‍. മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകന് നിഷാദ് വി മുഹമ്മദിനെയാണ് മറ്റ് അധ്യാപകര്‍ കൈയ്യൊഴിഞ്ഞത്. സ്വന്തം നിലയില്‍ നടത്തിയ പ്രവര്‍ത്തനമാണിതെന്നും തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും ഇവര്‍ പ്രതികരിച്ചു.
പരീക്ഷാ ചുമതലയുള്ള അഡീഷണല്‍ ഡെപ്യൂട്ടി ചീഫായിരുന്നു നിഷാദ് വി മുഹമ്മദ്. ഇയാള്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ പരീക്ഷ പൂര്‍ണമായും എഴുതിക്കൊടുക്കുകയും 32 വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെഴുതിയെന്നുമാണ് കണ്ടെത്തിയത്. സ്കൂളില്‍ നൂറ് ശതമാനം വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ കൂട്ടായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇക്കാര്യം സ്കൂളിലെ മറ്റ് അധ്യാപകര്‍ നിഷേധിച്ചു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ് അധ്യാപകന് പരീക്ഷയെഴുതികൊടുത്ത രണ്ട് വിദ്യാര്‍ത്ഥികളെന്നും പ്രിന്‍സിപ്പാളിനേയും അധ്യാപകനേയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തിരിച്ച് വന്ന ശേഷമാണ് തങ്ങള്‍ സംഭവങ്ങളെല്ലാം അറിഞ്ഞതെന്നും നീലേശ്വരം സ്കൂളിലെ മറ്റൊരധ്യാപകന് വ്യക്തമാക്കി.
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പേരില്‍ എന്തോ തെറ്റുണ്ടെന്ന് അറിയിച്ചാണ് പ്രിന്‍സിപ്പാളിനെ വിളിപ്പിച്ചത്. എന്നാല്‍ യഥാര്‍ത്ഥ സംഭവം അവര്‍ തിരിച്ച് വന്നതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും അധ്യാപകന് പറഞ്ഞു. ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതിനാല്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചീഫ് സൂപ്രണ്ട് കെ.റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ പി.കെ ഫൈസല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പഠന വൈകല്യമുള്ള രണ്ട് വിദ്യാര്‍ത്ഥികളെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപകന് അവകാശപ്പെടുന്നത്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ എഴുതിയ തെറ്റായ ഉത്തരം ശരിയായി എഴുതിച്ചേര്‍ത്തെന്ന് അധ്യാപകന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുള്ളതിനാല്‍ പോലീസിന് വിട്ടിരിക്കുകയാണ്.