തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത് അധ്യാപകന്. രണ്ടു വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പേപ്പര്‍ പൂര്‍ണമായും 32 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളും അധ്യാപകന് തിരുത്തിയതായി കണ്ടെത്തി. കോഴിക്കോട് മുക്കത്തിനടുത്ത് നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കണ്ടറി പരീക്ഷയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
കോഴിക്കോട് മുക്കത്തിനടുത്ത് നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തത്. പരീക്ഷാചുമതലയുള്ള അഡീഷണല്‍ ഡെപ്യൂട്ടി ചീഫായിരുന്നു നിഷാദ് വി. മുഹമ്മദ്. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍ പികെ ജയശ്രീയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് പരീക്ഷയെഴുതിയ അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ പികെ ഫൈസല്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു.
രണ്ട് കുട്ടികള്‍ക്കായി ഇയാള്‍ പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതിയിട്ടുണ്ട്. തെറ്റായ ഉത്തരങ്ങള്‍ തിരുത്തി കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന തരത്തില്‍ 32 വിദ്യാര്‍ത്ഥികളുടെ കംപ്യൂട്ടര്‍ സയന്‍സ് പേപ്പറും തിരുത്തിയെഴുതി. മൂല്യനിര്‍ണ്ണയ ക്യാംപില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പര്‍ കണ്ട് കൈയ്യക്ഷരത്തില്‍ സംശയം തോന്നിയ ഒരു അധ്യാപകന് സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതാണ് പിന്നീട് അന്വേഷണത്തിലേക്ക് വഴിവെച്ചത്.
മുതിര്‍ന്നവരും കൂടുതല്‍ അറിവും പഠിപ്പും ഉള്ളവരായ ആരോ ആണ് പരീക്ഷ എഴുതിയതെന്ന് വിലയിരുത്തിയ അധികൃതര്‍ കൂടുതല്‍ പരിശോധനയ്ക്കായി പരീക്ഷപേപ്പറുകള്‍ പരീക്ഷാബോര്‍ഡിലേക്ക് അയച്ചു. തുടര്‍ന്ന് ഈ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പരീക്ഷാപേപ്പര്‍ പല ക്യാംപുകളില്നിന്നായി വരുത്തി അവയിലെ കൈയക്ഷരം പരിശോധിച്ച ശേഷം ഇതുമായി ഒത്തുചേരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന്, സ്കൂള്‍ പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകരെയും കുട്ടികളെയും പരീക്ഷാബോര്‍ഡ് സെക്രട്ടറി വിളിച്ചുവരുത്തി. പ്രിന്‍സിപ്പലും അഡീഷണല്‍ ഡെപ്യൂട്ടി ചീഫും പരീക്ഷാബോര്‍ഡിന് മുന്നില്‍ ഹാജരായി. നിരപരാധികളായതിനാല്‍ കുട്ടികളെ തെളിവെടുപ്പിന് ഹാജരാക്കാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പുറത്തുനിന്നുള്ള അധ്യാപകനായ ഡെപ്യൂട്ടി ചീഫ് തെളിവെടുപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷയും നല്‍കിയിരുന്നു.
പിന്നീട് ചോദ്യം ചെയ്തപ്പോള്‍ പരീക്ഷാപേപ്പര്‍ എഴുതിയത് നിഷാദ് വി. മുഹമ്മദാണെന്ന് കുറ്റസമ്മതവും നടത്തി. കംപ്യൂട്ടര്‍ സയന്‍സ് പേപ്പറില്‍ കുട്ടികളെഴുതിയ തെറ്റായ ഉത്തരം തിരുത്തി ശരിയുത്തരം എഴുതിച്ചേര്‍ത്തതായും സമ്മതിച്ചു. ശേഷം പോലീസ് അന്വേഷണത്തിനായി ഡയറക്ടര്‍ ശുപാര്‍ശചെയ്തു.പണത്തിന് വേണ്ടിയാണോ കുട്ടികളെ അധ്യാപകര്‍ സഹായിച്ചത് എന്നറിയാനും പരീക്ഷയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് അന്വേഷണം പോലീസിന് വിടാന്‍ തീരുമാനിച്ചത്.
പ്ലസ് വണ്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി അന്വേഷണസംഘം കണ്ടെത്തി. പ്രിന്‍സിപ്പലിന്റെ ഒത്താശ സംഭവത്തില്‍ വ്യക്തമാണെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സംശയിക്കുന്നുവെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ ആവശ്യപ്പെടുന്നതുകൊണ്ടാണ് അതേ സ്കൂളിലെ അധ്യാപകരെ പരീക്ഷാച്ചുമതലയില്‍ സഹായികളാക്കുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതോടെ ഈ രീതി അവസാനിപ്പിക്കും. കൂടാതെ ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തന്നെയാണ് തീരുമാനവും.