ബേപ്പൂര്‍: ക്ഷേത്ര ഭണ്ഡാരത്തില് സംഭാവനയിട്ട് തിരികെ ബസ്സില്‍ കയറുന്നതിനിടെ കാല്‍വഴുതി റോഡില്‍ വീണ ക്ലീനര്‍ അതേ ബസ്സ് കയറി മരിച്ചു. ബേപ്പൂര്‍ മാറാട് ചുള്ളിയാം വളവളപ്പ് കാരിയത്ത് ഷീദയുടെ മകന് മുഹമ്മദ് അന്‍ഷാദാ (22)ണ് മരിച്ചത്. ബേപ്പൂര്‍ – കോഴിക്കോട് സിറ്റി റൂട്ടിലോടുന്ന ‘ബാബ’ബസ്സിലെ ക്ലീനറാണ് അന്‍ഷാദ്.
വെള്ളിയാഴ്ച രാവിലെ 8. 40ന് ബേപ്പൂര്‍ ഫിഷിങ്ങ് ഹാര്‍ബര്‍ ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം. റോഡരികിലുള്ള അമ്പലത്തിന്റെ ഭണ്ഡാരത്തില് അന്‍ഷാദ് സ്ഥിരമായി സംഭാവന നിക്ഷേപിക്കാറുണ്ടായിരുന്നു. പതിവു പോലെ പണം നിക്ഷേപിച്ച് ബസ്സിലേക്ക് ഓടിക്കയറി ബെല്ലടിക്കുന്നതിനിടെ അന്‍ഷാദ് റോഡിലേക്ക് തെന്നിവീഴുകയായിരുന്നു.
ഇതറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയും ബസ്സിന്റെ പിന്‍ചക്രം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസ് ബേപ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.