കാളികാവ്: പണിയെടുത്ത് കിട്ടുന്ന കൂലി മുഴുവന്‍ കുടിവെള്ളത്തിനായി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് പൂളക്കുന്ന് കോളനിക്കാര്‍. ഒരു ദിവസത്തെ അരിക്ക് പത്ത് രൂപ നല്കിയാല് മതി, പക്ഷേ കുടിവെള്ളത്തിനായി മുന്നൂറ് രൂപയോളമാണ് കൊടുക്കേണ്ടി വരുന്നതെന്ന് നിത്യജീവിതം പോലും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന കോളനി നിവാസികള്‍ പറയുന്നു.
കോളനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ രണ്ടുകിണറുകള്‍ വറ്റി വരണ്ട സ്ഥിതിയിലായതോടെ കോളനി നിവാസികള്‍ക്ക് വെള്ളം കിട്ടാതായി. ചെറിയൊരാശ്വാസമായിരുന്ന ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനവും പിന്നീട് തടസ്സപ്പെട്ടു. ഗുഡ്സ് ഓട്ടോറിക്ഷയില്‍ പാത്രങ്ങളിലാക്കിയാണ് ഇപ്പോള്‍ വെള്ളം കോളനിയിലെത്തിക്കുന്നത്. ഇതിനാണെങ്കില്‍ വലിയ വിലയും നല്‍കേണ്ടി വരും.
വേനല്‍ ശക്തിപ്രാപിച്ചതോടെ നിത്യജീവിതം തള്ളിനീക്കാന്‍ പെടാപാടുപെടുന്ന കോളനിയിലെ 80-ല്‍പ്പരം കുടുംബങ്ങള്‍ വെള്ളം വാങ്ങാന്‍ പണമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. കൂലിപ്പണിയെടുത്തും മറ്റും കിട്ടുന്ന പണം വെള്ളത്തിനായി ചെലവഴിക്കുമ്പോഴും ശുദ്ധമായ വെള്ളം ഇവര്‍ക്ക് ലഭിക്കുന്നില്ല. മൂന്ന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേണ്ടത്ര ശുചിത്വമില്ലാത്ത പാറമടയിലെ വെള്ളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇതാണ് കോളനി നിവാസികള്‍ കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനുമെല്ലാം ഉപയോഗിക്കുന്നതും.
ഒരു തവണ വെള്ളമെത്തിക്കാന്‍ 300 രൂപയോളമാണ് ചെലവുവരുന്നത്. അഞ്ച് അംഗങ്ങളടങ്ങിയ കുടുംബത്തിന് ദിവസവും രണ്ടുതവണയെങ്കിലും ഗുഡ്സില്‍ വെള്ളം എത്തിക്കേണ്ടിവരുന്നുണ്ട്. പണിയെടുത്താല്‍ കിട്ടുന്ന കൂലി കോളനിക്കാര്‍ക്ക് കുടി വെള്ളത്തിനുമാത്രമായി കൊടുക്കേണ്ടിവരുന്നു. എന്നാല്‍ കോളനിയില്‍ പലര്‍ക്കും തൊഴിലില്ലാത്ത സാഹചര്യവുമുണ്ട്. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഒരു പരിഹാരവും കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.