മലപ്പുറം: തിരൂര്‍ മീന്‍ മാര്‍ക്കറ്റില്‍ ഭീതിപടര്‍ത്തി സമ്മാനപ്പൊതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊതിയില്‍ ബോംബാണെന്ന് പേടിച്ച് ജനങ്ങള്‍ മണിക്കൂറുകളോളം പരിഭ്രാന്തരായി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ സമ്മാനപൊതിയില്‍ കോഴിമാലിന്യം കണ്ടെത്തി.
വര്‍ണക്കടലാസില്‍ പൊതിഞ്ഞനിലയിലുള്ള അജ്ഞാത സമ്മാനപ്പൊതി കണ്ടതോടെ മീന്‍ വാങ്ങാന്‍ മാര്ക്കറ്റിലെത്തിയവരും തൊഴിലാളികളും ഒന്നടങ്കം ഭീതിയിലായി. പൊതിക്കുള്ളില്‍ ബോംബായിരിക്കുമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു. ചോരയ്ക്ക് സമാനമായ നിറംകലര്‍ന്ന കവറിനുള്ളിലായിരുന്ന സമ്മാനപ്പൊതി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. തുടര്‍ന്ന് ജനങ്ങള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും ബോംബാണെന്ന ഭീതികാരണം പൊതി തുറന്നില്ല. തുടര്‍ന്ന് മലപ്പുറത്തുനിന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മാര്‍ക്കറ്റില്‍ എത്തി പൊതി തുറന്ന് പരിശോധിച്ചു. പൊതിയില്‍ നിറയെ കോഴിമാലിന്യം കണ്ടെത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.