കൊച്ചി: ഹൃദയ ചികിത്സയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ ആറു മണിക്കൂര്‍ നീളുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ എട്ടരയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.
ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ചിട്ടുണ്ട് ഇതാണ് ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമാക്കുന്നത്. ആരോഗ്യ നില സംബന്ധിച്ച് മനസ്സിലാക്കാന്‍ പ്രത്യേക രക്തപരിശോധന നടത്തിയിരുന്നു. ഇതിന്റെ അന്തിമ ഫലം വന്നതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ തുടങ്ങിയത്.
ഏപ്രില്‍ 16 നാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 15 ദിവസം പ്രായമായ കുട്ടിയെ എറണാകുളം അമൃതാ ആശുപത്രിയില്‍ എത്തിച്ചത്.ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഹൃദയത്തില്‍ ദ്വാരമുണ്ടെന്നും ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അവസ്ഥയും ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുള്ളതായും അമൃത ആശുപത്രി ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെതാണ് 15 ദിവസം പ്രായമായ കുഞ്ഞ്. കുട്ടിയെ ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലെ കേരളക്കര ഒന്നടങ്കം കുഞ്ഞിനായി കൈകോര്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ ചികിത്സാച്ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.