തിരുവനന്തപുരം: കേരളത്തില്‍ ശമനമില്ലാതെ ദിനംപ്രതി ചൂട് വര്‍ധിക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിലും ചൂട് വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാല്‍ മുന്‍കരുതലുകളൊന്നും സ്വീകരിക്കാതെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള ഉയര്‍ന്ന താപനിലയില്‍ നിന്നും ശരാശരി മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ മാത്രം 36 പേര്‍ക്കാണ് സൂര്യാതപമേറ്റത്.
ആലപ്പുഴയില്‍ എട്ടുപേര്‍ക്കും പാലക്കാട് ജില്ലയില്‍ 12 പേര്‍ക്കും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാലുപേര്‍ക്ക് വീതവും സൂര്യാതപമേറ്റു. എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ മൂന്നുപേര്‍ക്കും പൊള്ളലേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.