തിരുവനന്തപുരം: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച് കാര്‍ഡ് തിരികെയെടുത്തപ്പോള്‍ ഒപ്പം സ്ക്രീനും കീബോര്‍ഡും പൊളിഞ്ഞ് കൈയ്യില്‍ പോന്നു. മരുതുംകുഴിയിലെ സിന്റിക്കേറ്റ് ബാങ്ക് എടിഎമ്മിലാണ് സംഭവം. എടിഎമ്മിന്റെ മുകള്‍ ഭാഗമാണ് ഇളകിമാറിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണമെടുക്കാന്‍ എത്തിയ ആള് ഇടപാടിന് ശേഷം കാര്‍ഡ് പിന്‍വലിച്ചപ്പോള്‍ മെഷീന്റെ മുകള്‍ ഭാഗം ഇളകി വരികയായിരുന്നു. ഉള്ളിലുണ്ടായിരുന്ന കീബോര്‍ഡും മൗസുമടക്കം ഉപകരണങ്ങള്‍ കൈയ്യില്‍ പോന്നു. വിവരം അറിഞ്ഞെത്തിയ പോലീസും ബാങ്ക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പണം സൂക്ഷിക്കുന്ന താഴത്തെ അറ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുകള്ഭാഗം നേരത്തെ തന്നെ ഇളകിക്കിടക്കുകയായിരുന്നു എന്നാണ് പരിശോധനയില്‍ ലഭിച്ച സൂചന. പണം സൂക്ഷിക്കുന്ന അറ സുരക്ഷിതമാണെങ്കിലും ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ ചോര്ത്തിയിട്ടുണ്ടോയെന്ന ആശങ്കയിലാണ് അധികൃതര്‍.
എടിഎം പൊളിഞ്ഞത് കണ്ടെത്തുന്നത് വരെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പണം നഷ്ടമായിട്ടില്ലെന്നും ബാങ്ക് അറിയിച്ചു. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ മോഷണ സൂചനകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും അന്വേഷണം തുടരുകയാണ്.