തൃത്താല: വേനല്‍ച്ചൂടില്‍ വലയുന്ന പറവകള്‍ക്ക് സ്നേഹത്തിന്റെ 204 തണ്ണീര്‍ കുടങ്ങള്‍ ഒരുക്കി തൃത്താലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സൂര്യന്റെ ചൂട് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സൂര്യാതപവും, നിര്‍ജ്ജലീകരണവുമെല്ലാം മനുഷ്യനെപ്പോലെ മറ്റു ജീവികളേയും ബാധിക്കും. പക്ഷികളും കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണ്.
ഇതിനൊരു പരിഹാരമായാണ് തൃത്താലയിലെ 204 കേന്ദ്രങ്ങളില്‍ പക്ഷികള്‍ക്കായി തണ്ണീര്‍ കുടങ്ങള്‍ ഒരുക്കുന്നത്. ‘പകുത്തേകാം പറവകള്‍ക്കും ഒരിറ്റ് സ്നേഹം’ എന്ന പേരിലാണ് തൃത്താല ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഈ സംരംഭം ആരംഭിച്ചത്. വീടുകളില്‍ ഒരു പാത്രത്തില്‍ വെള്ളം വെച്ച് ഈ സംരംഭത്തില്‍ പങ്കാളികളാകാനും അവര്‍ പറയുന്നു.
ഈ വേനല്‍ച്ചൂടില്‍ നാം നമ്മുടെ സഹജീവികളെക്കുറിച്ചും ചിന്തിക്കണമെന്നും എല്ലാവരും മുറ്റത്തും ഒരു ചെറിയ പാത്രത്തില്‍ വെള്ളം വയ്ക്കണമെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കത്തുന്ന ചൂടില്‍ കേരളത്തില്‍ മാത്രം നിരവധി പേര്‍ക്കാണ് സൂര്യാഘാതം ഏറ്റതായി റിപ്പോര്‍ട്ട് ചെയ്തത്.