തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും പ്രചാരണത്തില്‍ ജാഗ്രത പാലിക്കണമെന്നും ഒരു കാരണവശാലും വ്യക്തിഹത്യ നടത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് ആകെ 243 സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 303 പത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണെന്നും ഇവിടെ 22 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നതെന്നും കമ്മീഷന് പറഞ്ഞു. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 21 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാര്‍ത്ഥികളുണ്ട്. നാലാം തീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 173 ട്രാന്‍സ്ജെന്‍ഡറുകളുണ്ട്. 19 പേര് പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11 എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്.