കോഴിക്കോട്: സൂര്യാഘാതമേറ്റ് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പട്ന സ്വദേശി സുജിത് ബന്ദ് ആണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണയിലെ ചെങ്കല്‍ ക്വാറിയിലെ ജോലിക്കിടെയാണ് സുജിത്തിന് സൂര്യാഘാതമേറ്റത്. ഇന്നലെയാണ് സുജിത് ബന്ദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കൂടാതെ കൊല്ലം കുളത്തൂപ്പുഴയില്‍ വിദ്യാര്‍ത്ഥിക്കും സൂര്യാഘാതമേറ്റു. കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി സൂരജിനാണ് പൊള്ളലേറ്റത്.
സംസ്ഥാനത്ത് അതിനിടെ ചൂടിന്റെ കാഠിന്യത്തിന് അല്പം കുറവുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതിനിടെ ഇന്ന് തൃശ്ശൂരില്‍ മഴ പെയ്തു. തൃശൂരില്‍ പെരുമഴയും കുന്നംകുളത്ത് ഐസ് മഴയും പെയ്തു. ഇടിയും മിന്നലുമായി ഉച്ചയ്ക്കുശേഷം പെയ്ത മഴ ജില്ലയിലെ പലയിടത്തും നേരിയ നാശം വിതച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതില്‍ രണ്ടാമത് തൃശൂരായിരുന്നു. 36 ഡിഗ്രിയില്‍ അനുഭവപ്പെട്ടിരുന്ന ചൂടില്‍ വലയുന്നതിനിടെയാണ് തൃശൂരിന് മഴ അനുഗ്രഹമായത്.