പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറും എന്ന ഭയത്താലാണ് രാഹുല്‍ ഇടതു പക്ഷത്തിനെതിരെ സംസാരിക്കല്ലെന്ന നിലപാടെടുത്തതെന്ന് കോടിയേരി പ്രതികരിച്ചു. രാഹുലിന്റെ വരവ് കേരളത്തില്‍ തരംഗമുണ്ടാക്കുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ മത്സരിക്കുന്ന അമേഠി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളുണ്ട്. അവിടെ തരംഗമുണ്ടാക്കാന്‍ കഴിയാത്ത രാഹുല്‍ കേരളത്തില്‍ എന്ത് തരംഗമുണ്ടാക്കുമെന്നാണ് പറയുന്നതെന്നും കോടിയേരി ചോദിച്ചു.
ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രികാ സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ രാഹുല്‍ നയിച്ച റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തിയിട്ടുണ്ട്.