കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. പതിനൊന്ന് മണിക്കാണ് നാമ നിര്‍ദേശ പത്രിക നല്‍കുക. തുടര്‍ന്ന് റോഡ് ഷോ ഉണ്ടാകും.
ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് ഒന്‍പത് മണിയോടെ വയനാട്ടിലേക്ക് തിരിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗമാകും കല്പറ്റയിലേക്ക് പോകുക. പത്തരയോടെ വയനാട്ടിലെത്തുന്ന രാഹുലിനേയും പ്രിയങ്കയേയും എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപാഡില്‍ യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കും. രാഹുലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയെ അനുഗമിക്കും.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈത്തിരി വെടിവെയ്പ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല. എസ്പിജി നിയന്ത്രണത്തിലാണ് കല്പറ്റ. റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പോലീസ് ബാരിക്കേഡ് ഉണ്ടാകും. ഇതിനിരുവശത്തും മാത്രമെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാകൂ.