രാജ്യത്ത് ആദ്യമായി ഇന്റര്‍സെക്സ് വിഭാഗത്തില്‍നിന്നൊരാള്‍ തെരഞ്ഞെടുപ്പ് കളത്തിലേക്ക് എത്തുന്നു. ചിഞ്ചു അശ്വതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ചിഞ്ചു. ഇന്റര്‍സെക്സ് ആക്ടിവിസ്റ്റാണ് ചിഞ്ചു അശ്വതി. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി കേരളത്തില്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഇന്റര്‍സെക്സ് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ആരും പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ചിഞ്ചു പറഞ്ഞു.
‘ട്രാന്സ്ജെന്ഡറുകളെക്കാള് ദുരിതമാണ് ഇന്റര്‍സെക്സ് ജീവിതം. ഈ വിഭാഗത്തെ അംഗീകാരിക്കാന്പോലും സമൂഹം തയ്യാറാവുന്നില്ല. ദളിത് സത്വത്തില്‍നിന്നും ഇന്റര്‍സെക്സ് വ്യക്തിത്വത്തില്‍നിന്നും എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.’- ചിഞ്ചു അശ്വതി പറഞ്ഞു.
ചിഞ്ചു ജനിച്ചത് ഇന്റര്സെക്സായിട്ടാണെങ്കിലും 2016-വരെ സ്ത്രീയായിട്ടായിരുന്നു അവര്‍ ജീവിച്ചത്. തുടര്‍ന്ന് തന്നിലെ ഇന്റര്സെക്സിനെ തുറന്നു പ്രഖ്യാപിച്ച് ഇന്റര്‍സെക്സ് വ്യക്തിത്വ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഇന്റര്‍സെക്സ് ഭ്രൂണഹത്യകള്‍ സംസ്ഥാനത്ത് വ്യാപകമാണെന്നും ഇന്റര്‍സെക്സായി ജനിക്കുന്ന കുട്ടികളെ പുരുഷ/സ്ത്രീ വിഭാഗങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നും ഒരു പൊതുപരിപാടിയില്‍ ചിഞ്ചു പറഞ്ഞിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു നടുവിലാണ് ഇന്റര്‍സെക്സ് ജീവിതമെന്നും അവര്‍ വ്യക്തമാക്കി.
ഏറണാകുളം മണ്ഡലത്തിലെ എല്‍ജിബിടിക്യു വിഭാഗങ്ങള്‍ അടക്കമുള്ള വോട്ടര്‍മാര്‍ തന്നെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ചിഞ്ചു. സമൂഹം അവഗണിക്കുന്ന എല്‍ജിബിടിക്യു, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.