തിരുവനന്തപുരം: വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ സംസ്ഥാനം ലോഡ് ഷെഡ്ഡിങിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കകളും ഉയര്‍ന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു. അടുത്ത മണ്‍സൂണ്‍ വരെ ആവശ്യമായ വൈദ്യുതിക്കുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ചൂട് ശക്തിയാര്‍ജിച്ചതോടെ എസി ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വര്‍ധിച്ചതും ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതുമാണ് ലോഡ് ഷെഡ്ഡിങിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കയ്ക്ക് വഴിവെച്ചത്. സംസ്ഥാനത്തെ വേനല്‍ മഴയുടെ അഭാവവും അധികൃതരില്‍ ആശങ്കയുളവാക്കി. ഇതേത്തുടര്‍ന്നാണ് കെഎസ്ഇബി ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജൂണ്‍ 10 വരെ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കേന്ദ്ര വിഹിതത്തില്‍നിന്ന് 300-400 മെഗാവാട്ടിന്റെ കുറവുണ്ടായാലും അത് പരിഹരിക്കാന്‍ കഴിയുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍എസ് പിള്ള പറഞ്ഞു. ചൂട് കൂടിയതിനാല്‍ വൈദ്യുതി ഉപയോഗം ഇപ്പോള്‍ കൂടുതലാണ്. ഇതിലൂടെ ബോര്‍ഡിന് വരുമാനവും കൂടും. ഇക്കാരണത്താല്‍ ലോഡ്ഷെഡ്ഡിങ് ഇല്ലാതെ മുന്നോട്ടുപോകാനാണ് കെഎസ്ഇബിയുടെ തീരുമാനം.