കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.ഇത് കോണ്‍ഗ്രസിന് നാണക്കേടാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
താന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല. ഗത്യന്തരമില്ലാത്തതു കൊണ്ടുമാത്രമാണിതു പറയുന്നത്. ഇന്ത്യ ഭരിച്ചുവന്ന കുടുംബം അവരുടെ ഹൃദയഭൂമിയില്നിന്നു പലായനം ചെയ്ത് കേരളത്തില്‍ അഭയം തേടുന്നത് രാജ്യത്തിനുതന്നെ നാണക്കേടാണ്- കണ്ണന്താനം പറഞ്ഞു. മറ്റിടങ്ങളില്‍ സഹകരിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രണ്ടു മുന്നണികളായി കേരളത്തില്‍ പരസ്പരം മത്സരിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് പിന്നാലെ ബിജെപി രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. തോല്‍വി ഭയന്ന് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.
നരേന്ദ്രമോഡി ഹിന്ദുകാര്‍ഡ് വച്ചായിരുന്നു രാഹുലിന്റെ സ്ഥാനാര്ത്ഥിതത്വത്തെ വിമര്‍ശിച്ചത്. ഹിന്ദുക്കളെ അപമാനിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമാധാനപ്രിയരായ ഹിന്ദുക്കളെ കോണ്‍ഗ്രസ് ഭീകരര്‍ ആയാണ് കാണുന്നത്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും മോഡി ആരോപിച്ചു.