കൊച്ചി: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ നാലിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് പത്രിക സമര്‍പ്പണം നീക്കിവെക്കുന്നത്. വയനാട്ടില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചതും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
നാളെയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്നത്. അതിനാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഡല്‍ഹിയില്‍ തുടരേണ്ടിവരും. വയനാട്ടില്‍ മുന്‍ കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാല്‍ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളൊരുക്കാന്‍ പോലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധര്‍വേസ് സാഹിബ് പറഞ്ഞു.
രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങള്‍, വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. നേരത്തെ സിഐഎസ്എഫ് ജവാന് വസന്ത് കുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ സുരക്ഷാ ഭീഷണികളെയെല്ലാം മറികടക്കാന്‍ പോലീസ് സജ്ജമാവേണ്ടത് അനിവാര്യമാണ്.