തിരുവനന്തപുരം: ഏറെ നാളത്തെ ആകാംഷയ്ക്ക് വിരാമമിട്ട് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ചര്‍ച്ചകള്‍ നടക്കുന്നു. രാഹുല്‍ മത്സരിക്കാനെത്തുന്നതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപിയായിരിക്കും രംഗത്തിറങ്ങുകയെന്നാണ് സൂചന.
നിലവില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്ന സീറ്റില്‍ പൈലി വാത്യാട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അതേ സമയം നേതൃത്വം ആവശ്യപ്പെടുകയാണെങ്കില് മത്സരിക്കാന്‍ തയ്യാറാണെന്നാണ് ബിജെപി സംസ്ഥന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ നിലപാട്. രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താനും മത്സരിക്കാന്‍ തയ്യാറാണെന്ന് ശ്രീധരന് പിള്ള നേരത്തെ അറിയിച്ചിരുന്നു.
വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുനമെടുക്കുമെന്ന് ശ്രീധരന് പിള്ള അറിയിച്ചു. ബിഡിജെഎസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. അതേ സമയം വയാനാട്ടില്‍ സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും വയനാടിന്റെ കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി.