ആലപ്പുഴ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അജ്ഞാത ഡ്രോണുകള്‍. തലസ്ഥാനത്ത് ഭീതി പടര്‍ത്തിയ അജ്ഞാത ഡ്രോണുകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും ഒരു ഡ്രോണ്‍ കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് അജ്ഞാത ഡ്രോണ്‍ അല്ല, കുട്ടനാടിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായി വിദേശികള്‍ പറത്തിയതാണ് ആശങ്കയ്ക്ക് വഴിവെച്ച പുതിയ ഡ്രോണ്‍.
കുട്ടനാട്ടിലെത്തിയ നാല് നോര്‍വീജിയന്‍ വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങള്‍ പകര്‍ത്താനായി ഹൗസ് ബോട്ടില്‍ നിന്നും ഡ്രോണ്‍ ഉപയോഗിച്ചത്. രാത്രിയില്‍ ഇവര്‍ പറത്തിയ ഡ്രോണ്‍ വലിയ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൗസ്ബോട്ടിലിരുന്ന് ഡ്രോണ്‍ നിയന്ത്രിച്ച ഇവരെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ച് കുട്ടനാടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് വിനോദ സഞ്ചാരികള്‍ക്ക് കോടതി 8000 രൂപ പിഴയും വിധിച്ചു. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പിഴയീടാക്കി ഇവരെ വിട്ടയച്ചു.