തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂടിന് നേരിയ ശമനം. എങ്കിലും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ചൂട് കൂടാമെന്നതിനാല്‍ ഇന്നും ജാഗ്രതാനിര്‍ദേശം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുട്ടുപൊള്ളുന്ന വേനലില്‍ ഇതുവരെ 423 പേര്‍ക്കാണ് സൂര്യാതാപമേറ്റത്.
ഇന്നലെ മാത്രം 61 പേര്‍ക്കാണ് സൂര്യാതാപമേറ്റത്. മുപ്പത് പേര്‍ക്ക് അമിത ചൂട് കാരണം ശരീരത്തില്‍ ചുവന്ന പാടുകളും വന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ സംസ്ഥാനത്ത് ചൂടിന് നേരിയ കുറവുണ്ടായിരുന്നു. എങ്കിലും വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നേരിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്. പാലക്കാട് ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില ഇന്നലെ 38.9 ഡിഗ്രി ആയിരുന്നു. തിരുവനന്തപുരം 36.6 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ 36.8, പുനലൂര്‍ 38.2, കോഴിക്കോട് 36 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.