കൊച്ചി: മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ചതായി പരാതി. മുനമ്പം സ്വദേശി ഫ്രാങ്കോയുടെ സില്‍വിയ എന്ന ബോട്ടാണ് മുനമ്പത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ഗുജറാത്തില്‍ നിന്ന് കൊളംബോയിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ ചരക്കു കപ്പലാണ് ബോട്ടില്‍ ഇടിച്ചത്.
11 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ അയ്യമ്പിള്ളി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. സംഭവത്തില്‍ ബോട്ടിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ 1.20ഓടെയാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് പരാതിയുമായി ബോട്ടുടമ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസിനെ സമീപിച്ചു. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ രാത്രി തങ്ങളുടെ കപ്പലില്‍ ബോട്ട് വന്നിടിച്ചെന്ന് ചരക്കു കപ്പലിന്റെ ക്യാപ്റ്റന്‍ എംഎംഡിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയെക്കുറിച്ചും അധികൃതര്‍ അന്വേഷിച്ച് വരികയാണ്.