ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തടയാന്‍ സിപിഎം ഡല്‍ഹി കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎം ഇടപെട്ടതായി അറിയില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുലിന്റെ രണ്ടാമത്തെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതെതിരെ നേരത്തെ സിപിഐ രംഗത്ത് വന്നിരുന്നു. മുല്ലപ്പള്ളിയുടെ പ്രസ്താവന തരംതാണതാണെന്നായിരുന്നു കാനം പ്രതികരിച്ചത്. രാഹുല്‍ വന്നാലും സിപിഐ വയനാട്ടില്‍ മത്സരിക്കുമെന്നും രാഹുലിനെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും പറഞ്ഞിരുന്നു.
അതെസമയം രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഇത് വരെ ആയിട്ടില്ല. സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്ത വന്ന് ഒരു ആഴ്ച കഴിഞ്ഞിട്ടും പ്രഖ്യാപനം നടന്നിട്ടില്ല. അതിനിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പ്രചരണം വേണ്ടെന്നാണ് ഘടകക്ഷികളുടെ തീരുമാനം. തത്കാലം വയനാട്ടില്‍ പ്രചരണം നിര്‍ത്തി വച്ചിരിക്കയാണ്.