കാക്കനാട്: ദിനംപ്രതി ചൂട് ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ പത്ത് രൂപയ്ക്ക് കുപ്പിവെള്ളവുമായി എത്തിയിരിക്കുകയാണ് കാക്കനാട്ടെ ജില്ലാ ജയില്‍. ജനങ്ങള്‍ ചൂടില്‍ വലയുമ്പോഴും ശീതളപാനീയങ്ങള്‍ക്ക് വിലകൂട്ടി പലപ്പോഴും കൂള്‍ബാറുകള്‍ പോലെയുള്ള കടകള്‍ ഇൗ സാഹചര്യം മുതലെടുക്കാറുണ്ട്. എന്നാല്‍ ചുരുങ്ങിയ വിലയില്‍ ജയിലില്‍ നിന്നും ലഭിക്കുന്ന കുപ്പിവെള്ളം ചൂടിലും ജനങ്ങള്‍ക്ക് നേരിയ ആശ്വാസം പകരും.
സര്‍ക്കാര്‍ ഉദ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ എന്ന് പേരുള്ള കുപ്പിവെള്ളം കാക്കനാട്ടെ ജില്ലാ ജയിലിലെ കൗണ്ടറില്‍ ഇപ്പോള്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് മൊത്തമായോ ചില്ലറയായോ കുപ്പിവെള്ളം വാങ്ങാം. എങ്ങനെ വാങ്ങിയാലും ലിറ്ററിന് പത്ത് രൂപ തന്നെയായിരിക്കും. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ഭക്ഷണ വില്‍പ്പന കൗണ്ടറില്‍ കുപ്പിവെള്ളം ലഭ്യമാണ്.
നിരവധിപേരാണ് ഇവിടെയെത്തി പകുതി വിലയ്ക്ക് വെള്ളം വാങ്ങിക്കൊണ്ടുപോകുന്നതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്പറേന് കീഴില്‍ തൊടുപുഴയിലെ ഹില്ലി അക്വാ ഫാക്ടറിയിലാണ് ജയില്‍ കുപ്പിവെള്ളത്തിന്റെ ഉത്പാദനം.
ആവശ്യക്കാര്‍ ഏറിയതോടെ ഏപ്രില്‍ ആദ്യവാരം മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനിലും പത്ത് രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ജയിലിലെ പോലീസുകാരായിരിക്കും കുടിവെള്ള വിതരണത്തിന് നേതൃത്വം നല്‍കുക. കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജയിലുകളിലും പത്ത് രൂപയ്ക്ക് കുടിവെള്ളം വിതരണം ചെയ്യണമെന്ന് ജയില്‍ ഡിജിപി ആര് ശ്രീരേഖ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.