കൊച്ചി: ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് കേസെടുത്തത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി.
ആലുവ സെറ്റില്‍മെന്റ് സ്കൂളിലാണ് ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിര്‍ത്തിയത്. എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് മനസാക്ഷിയില്ലാത്ത പ്രവര്‍ത്തി സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വെയിലത്ത് ഇറങ്ങരുതെന്ന് മുതിര്‍ന്നവര്‍ക്ക് പോലും ദുരന്തനിവാരണ സമിതി അറിയിപ്പ് നല്കിയിരിക്കുമ്പോഴാണ് കുട്ടിയെ വെയിലത്ത് നിര്‍ത്തിയ സംഭവം ഉണ്ടായിരിക്കുന്നത്.