തിരുവനന്തപുരം: വിവിധ പരീക്ഷകള്‍ എഴുതിയ നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി. കേരള സര്‍വകലാശാലയിലാണ് സംഭവം. പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു കൃത്യമായി സര്‍വകലാശാലയില്‍ എത്തിച്ച ഉത്തരക്കടലാസുകള്‍ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഗവ. കോളജ് കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ്, ഗവ. കോളജ് കാഞ്ഞിരംകുളം, എസ്ഡി കോളജ് ആലപ്പുഴ, രാജധാനി കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, നാഷനല്‍ കോളജ് അമ്പലത്തറ എന്നിവിടങ്ങളില്‍ ബിഎ, ബിഎസ്സി, എംഎസ്സി, ബിടെക് പരീക്ഷകളെഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണു അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മ കാരണം നഷ്ടപ്പെട്ടത്.
എന്നാല്‍ ഇത്രയും വലിയൊരു സംഭവമുണ്ടായിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടവര്‍ക്കു മാത്രമായി പുനഃപരീക്ഷ നടത്തണമെന്ന നിര്‍ദേശം സിന്‍ഡിക്കറ്റ് യോഗത്തിന്റെ പരിഗണനയ്ക്കു വച്ചിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു തീരുമാനവും യോഗത്തിലുണ്ടായിട്ടില്ല. വീണ്ടും പഠിച്ചു പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.