തിരുവനന്തപുരം: സൂര്യന്റെ ഉഗ്ര താപത്തില്‍ പൊള്ളിപ്പിടയുകയാണ് കേരളം. കേരളത്തില്‍ സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മിയുടെ തോതായ യുവി ഇന്‍ഡക്സ് 12 യൂണിറ്റ് കടന്ന് അതീവ മാരകമായ അവസ്ഥയിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കാതെ കടുത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ഇതുവരെ 198 പേര്‍ക്കാണ് സൂര്യതാപത്തില്‍ പൊള്ളലേറ്റതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
ആകാശത്ത് മഴമേഘങ്ങള്‍ ഇല്ലാത്തതിനാല്‍ ചൂട് മുഴുവന്‍ നേരിട്ടു പതിക്കുകയാണ്. സാധാരണ യുവി തോത് മൂന്നു മുതല്‍ അഞ്ചു വരെയാണ്. ഈ നിലയില്‍ ഒരാള്‍ 45 മിനിറ്റിലേറെ നേരം വെയില് കൊണ്ടാല്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. കൂടിയ തോതാണ് 6-7 എന്നത്. ഈ തോതിലുള്ള വെയില് 30 മിനിറ്റ് നേരം കൊണ്ടാല്‍ സൂര്യതാപ സാധ്യതയുണ്ട്. അത് എട്ട് മുതല്‍ 10 വരെ ആകുമ്പോള്‍ വെറും 15-20 മിനിറ്റ് വരെ വെയിലത്തു നിന്നാല്‍ പോലും പൊള്ളലേല്‍ക്കും.
യുവി ഇന്‍ഡക്സ് 12 യൂണിറ്റ് കടന്നിരിക്കുകയാണ് ഇപ്പോള്‍. 11ന് മുകളിലായാല്‍ തന്നെ അത്യന്തം അപകടകരമാണ്. 10 മിനിറ്റ് വെയിലേറ്റാല് പോലും ഇപ്പോള്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അതിനാലാണ് സൂര്യപ്രകാശം നേരിട്ടേല്‍ക്കാതെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഈ അവസ്ഥയില്‍ വീടിനുള്ളില്‍ ഇരിക്കുന്നവര്‍ പോലും ശ്രദ്ധിക്കണം.
പ്രളയത്തില്‍ ജൈവാംശമുള്ള മേല്‍മണ്ണ് ഒഴുകിപ്പോയത് ഈര്‍പ്പത്തിന്റെ തോതുകുറയാന്‍ കാരണമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വേനല്‍മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ ഈ ആഴ്ചയുടെ അവസാനത്തോടെ മഴയെത്തിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.