കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇനിമുതല്‍ സൈബര്‍ ലോകത്തിലെ ഓരോ നീക്കങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടമെത്തും. സ്ഥാനാര്‍ത്ഥികളെ വനോളം പുകഴ്ത്തുന്നതും, കളിയാക്കുന്ന ട്രോളുകള്‍ക്കുമപ്പുറം സൈബര്‍ ലോകം തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നുണ്ടോ എന്ന് അറിയാന്‍ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) പ്രവര്‍ത്തനം 28ന് തുടങ്ങും.
കമ്മിറ്റിയുടെ ഭാഗമായുള്ള മീഡിയ സെല്‍ തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമാവും പ്രവര്‍ത്തനം ആരംഭിക്കുക. ജീവന് ബാബു കെ അഡീഷണല്‍ സിഇഒ ആണ് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി ഇന്‍ചാര്‍ജ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങുന്ന ദിനം മുതല്‍ മോണിറ്ററിംഗ് കമ്മിറ്റിയും പ്രവര്‍ത്തിച്ചു തുടങ്ങും. സമൂഹ മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെയും പാര്‍ട്ടിയുടെയും ഔദ്യോഗിക പേജുകള്‍ എന്തൊക്കെയാണെന്ന് നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.
ഈ പേജില്‍ വരുന്ന പരസ്യങ്ങളും ലേഖനങ്ങളും തയാറാക്കുന്നതിനുള്ള ചെലവുകളെല്ലാം തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. എന്നാല്‍, അനൗദ്യോഗിക പേജുകളില്‍ വരുന്നവ കമ്മിറ്റി പരിശോധിക്കില്ല. ഇതിനൊപ്പം മത സ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശങ്ങള്‍, വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകള്‍ എന്നിവയും പരിശോധിക്കും.
സംയുക്ത പ്രോജക്ടുകള്‍ (വിക്കിപീഡിയ), ബ്ലോഗുകള്‍, മൈക്രോ ബ്ലോഗുകള്‍ (ട്വിറ്റര്‍), കണ്ടെന്റ് കമ്മ്യൂണിറ്റികള്‍ (യൂ ട്യൂബ്), സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് (ഫേസ് ബുക്ക്), വിര്‍ച്വല്‍ ഗെയിം വേള്‍ഡ് (വാട്ട്സ്ആപ്പ്, മൊബൈല്‍ ആപ്ലിക്കേഷന്‍) തുടങ്ങിയവ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് മീഡിയയില്‍ തെരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിനുള്ള മുന്‍കൂര്‍ അനുമതി നിബന്ധന സോഷ്യല്‍ മീഡിയയ്ക്കും നിര്‍ബന്ധമാണ്. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പരസ്യം നല്‍കുന്നതിന് ജില്ലാതലത്തിലുള്ള എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ മീഡിയ സെല്ലില്‍ വിവരം അറിയിക്കാം. സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യക്തിപരവും മതസ്പര്‍ദ്ധ പരത്തുന്നതുമായ പോസ്റ്റുകളുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.