മലപ്പുറം: നിപ്പാ വൈറസിന് ശേഷം സംസ്ഥാനത്ത് ഭീതി പടര്‍ത്താന്‍ തുടങ്ങിയ വെസ്റ്റ് നൈല്‍ വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. വേങ്ങര എആര്‍ നഗറില്‍ വെസ്റ്റ് നൈല്‍ പനിബാധിച്ച് ആറ് വയസുകാരന് മരിച്ചതിനെ തുടര്‍ന്ന് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കുട്ടിയുടെ വീടിനുസമീപത്തുനിന്നും ചത്ത കാക്കയുടെ സാമ്പിളുകള്‍ വിദഗ്ധസംഘം ശേഖരിച്ചിരുന്നു.
കഴിഞ്ഞ 20-ന് വൈറസ് ബാധയുണ്ടോയെന്ന് വ്യക്തതവരുത്താനായി കാക്കകളുടെ തലച്ചോറ്, ഹൃദയം, കരള്‍ എന്നീ ഭാഗങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വൈറോളജി വിഭാഗത്തിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഈ സാമ്പിളില്‍ വൈറസിന്റെ സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവന്നു. കാക്കയുടെ സാമ്പിളിനുപുറമെ കുട്ടിയുടെ മാതാവിന്റെ വീട്ടിലെ ആട്, കോഴി എന്നിവയുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇതിലും വൈറസ് സാന്നിധ്യമില്ലെന്നാണ് വിവരം.
അതേസമയം, ആരോഗ്യവകുപ്പ് കോട്ടയത്തെ വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്ററിലേക്ക് (വിസിആര്‍സി) അയച്ച കൊതുകുകളുടെ സാമ്പിള്‍ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ ഫലം പുറത്തുവന്നാലും കൊതുകുകളിലേക്ക് വൈറസ് പടര്‍ന്നത് എവിടെനിന്നാണെന്ന് വ്യക്തമാവില്ല. അതിനാല്‍
ശേഖരിച്ച സാമ്പിളുകളില്‍ ഇനി കൂടുതല്‍ പരിശോധയുടെ ആവശ്യമില്ലെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് മറ്റാരിലേക്കും പടര്‍ന്നിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.