തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഇത്തവണ എഴുന്നള്ളിപ്പുകളിലുണ്ടാവില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ എഴുന്നള്ളിപ്പുകളില്‍ നിന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്.
ആനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉത്സവ എഴുന്നള്ളിപ്പുകള്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശിച്ചാണ് ഉത്തരവ്. എന്നാല്‍ വിലക്കിനെതിരെ ആനപ്രേമികളും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫാന്‍സുകാരും രംഗത്ത് എത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 10ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനി തേക്കേ ഗോപുരനടയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഫെബ്രുവരി എട്ടിന് ഗുരുവായൂര്‍ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ഇടഞ്ഞ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഴുന്നള്ളിപ്പുകളില്‍ നിന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് താത്കാലിക വിലക്ക് വന്നത്. 13 പേരാണ് ഈ ആനയുടെ ആക്രമണത്തില്‍ ഇതുവരെ മരിച്ചത്.