തൃശൂര്‍: ഒരു കുഞ്ഞു പ്രാവിന്റെ ജീവനുവേണ്ടി മോഷ്ടാക്കളോട് അപേക്ഷിക്കുകയാണ് സോഷ്യല്‍ സയന്‍സ് അധ്യാപകനായ ഹരീഷ്. കാരണം ഒരു പ്രാവിന് കുഞ്ഞിന്റെ ജീവന് അവരുടെ കൈകളിലാണ്. മുട്ടവിരിഞ്ഞുണ്ടായ കുഞ്ഞിനു പാല് നല്‍കിയിരുന്ന അമ്മ പ്രാവിനെയും മുട്ടയിട്ട് അടയിരുന്ന പ്രാവിനെയുമടക്കം എട്ടെണ്ണത്തെയാണ് ഇന്നലെ രാത്രി ഹരീഷിന് നഷ്ടപ്പെട്ടത്.
മോഷ്ടിച്ചവരോട് ഹരീഷിന് പറയാനുള്ളത് ഇത്രമാത്രം. ‘ആ രണ്ടു പ്രാവുകളെ തിരികെ തരൂ. ഇല്ലെങ്കില്‍ ഷീല്‍ഡ് ഹോമറിന്റെ കുഞ്ഞ് ചത്തുപോകുന്നതു കണ്ടു നില്‍ക്കാനേ പറ്റൂ. കുഞ്ഞ് വിരിഞ്ഞിട്ടു രണ്ടു ദിവസമേ ആയുള്ളു. പത്തുദിവസം വരെ അമ്മയില്‍ നിന്നു പാല് കിട്ടിയാലേ കുഞ്ഞു ജീവിക്കൂ’ ഇന്നു തന്നെ തിരിച്ചുകിട്ടിയില്ലെങ്കില്‍ അതു ചത്തുപോകുമെന്ന് ഹരീഷ് പറയുന്നു.
ജാക്കോബി ഇനത്തില്‍പെട്ട പ്രാവാണ് മുട്ടയിട്ട് അടയിരിക്കാനൊരുങ്ങുമ്പോള് മോഷ്ടിക്കപ്പെട്ടത്. ആ മുട്ടകളും കൂട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. വ്യാഴാഴ്ച രാത്രി 11 മണിക്കു ടെറസിലെ കൂടുകള്‍ പൂട്ടാന്‍ ചെല്ലുമ്പോഴാണ് മോഷണം നടന്നതറിയുന്നത്. വിലപിടിപ്പുള്ള ഇനങ്ങളായ ഗാഡിറ്റാനോ പൗട്ടര്‍, ഫ്രില് ബാക്ക്, ഷീല്‍ഡ് ഹോമര്‍, മുഖി, ജാക്കോബി ഇനത്തില്‍ പെട്ട പ്രാവുകളാണു നഷ്ടമായത്.
താണിക്കുടം വടക്കേചുങ്കത്ത് ഹരീഷ് 2007 മുതല്‍ പ്രാവ് വളര്‍ത്തുന്നയാളാണ്. മുന്‍പൊരിക്കലും പ്രാവുകള്‍ മോഷണം പോയിരുന്നു. എന്നാല്‍ തിരിച്ചുകിട്ടി. ഇത്തവണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും കള്ളന് സന്മനസുണ്ടായി തിരിച്ചു തരണമെന്ന അഭ്യര്‍ഥനയേ ഹരീഷിനുള്ളു.