പാലക്കാട്: അച്ചാര്‍ തയ്യാറാക്കുന്നതിനായി വാങ്ങിയ കറിക്കായത്തിന്റെ പെട്ടി പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പാലക്കാട് വിളയൂര്‍ സ്വദേശിനി ആയിഷക്കും സഹോദര പുത്രന് ഷിഫാനുമാണ് പരിക്കേറ്റത്. കായപ്പെട്ടിയിലുണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അച്ചാര്‍ തയ്യാറാക്കുന്നതിനു വേണ്ടിയായിരുന്നു കടയില്‍ നിന്നും കായം വാങ്ങിയത്. ദിവസങ്ങള്‍ക്ക് ശേഷം പൊട്ടിച്ചപ്പോഴാണ് ഉഗ്രശബ്ദത്തോടെ കായംപൊതിഞ്ഞ പാക്കറ്റ് പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ആയിഷയുടെയും നാലു വയസ്സുകാരന് ഷിഫാന്റെയും നിലവിളി കേട്ട് സംഭവസ്ഥലത്തെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ആയിഷയുടെ മുക്കിന് പരിക്കേറ്റു. ഷിഫാന്റെ കാലിനുള്ളില്‍ സ്ഫോടകവസ്തു തുളച്ചുകയറി.
വിവരമറിഞ്ഞെത്തിയ പോലീസ് പരിശോധന നടത്തി. കായപ്പാക്കറ്റിനുള്ളില് ഘടിപ്പിച്ചിരുന്ന സ്ഫോടവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ സ്ഫോടക വസ്തു എന്താണെന്ന് കണ്ടെത്തിയിട്ടില്ല. പോലീസ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.