ലക്കിടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സംശയം. സുഗന്ധഗിരിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷം ഈ മേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് തൊട്ടടുത്ത വീടുകളില്‍ മാവോയിസ്റ്റുകളെത്തിയതായി സമീപവാസികള്‍ പറയുന്നത്.
സുഗന്ധഗിരി പ്ലാന്റേഷന് ഏരിയയില്‍ മാവോയിസ്റ്റ് വേട്ടക്കായി സ്ഥാപിച്ച പോലീസ് ഔട്ട് പോസ്റ്റിന് തൊട്ടടുത്താണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്. ഇവിടെ ഇരുപതോളം പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. സമീപകാലത്തായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ വയനാട്ടിലെ ലക്കിടി, അംബ, ചെന്നായ്കവല എന്നിവിടങ്ങളിലും തണ്ടര്‍ ബോള്‍ട്ടിന്റെ സ്ഥിര നിരീക്ഷണമുണ്ട്.
ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടിലെത്തിയ രണ്ട് മാവോയിസ്റ്റുകളിലൊരാളായ സിപി ജിലീല്‍ വെടിയേറ്റ് മരിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്ത ശേഷം തണ്ടര്‍ബോള്‍ട്ടും പോലീസും വയനാട്ടിലെ മിക്ക സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിനിടയിലാണ് പോലീസ് ഔട്ട് പോസ്റ്റിനടുത്ത് തന്നെ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയമുയര്‍ന്നത്.