മരട്: കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി. വഴിയരികില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് കൊച്ചി മരട് പോലീസ് പിടിച്ചെടുത്തത്. പെട്ടി ഓട്ടോയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ആഞ്ഞിലിച്ചക്ക ഒരു മാധ്യമ പ്രവര്‍ത്തകന്റെയും നാട്ടുകാരുടേയും പരാതിയെ തുടര്‍ന്നാണ് മരട് പോലീസ് പിടികൂടിയത്. വാഹനത്തോടൊപ്പമാണ് മരട് പോലീസ് പിടികൂടിയത്.
മരട് ന്യൂക്ലിയസ് മാളിന് സമീപം റോഡരികിലാണ് കിലോഗ്രാമിന് 100 രൂപ നിരക്കില്‍ ആഞ്ഞിലിച്ചക്കപ്പഴം വിറ്റിരുന്നത്. മാധ്യമ പ്രവര്‍ത്തകനും സുഹൃത്തും ആഞ്ഞിലിച്ചക്ക വാങ്ങി കഴിക്കുന്നതിനിടയിലുണ്ടായ രുചി വ്യത്യാസമാണ് സംശയത്തിനിടയാക്കിയത്. പരിശോധനയില്‍ മുഴുവന്‍ പെട്ടിയിലും കടലാസില്‍ പൊതിഞ്ഞ കാര്‍ബൈഡ് വച്ചിരുന്നതായി കണ്ടെത്തി.
വില്‍പ്പനക്കാരനും ഡ്രൈവറുമായ കുന്നംകുളം വടക്കാഞ്ചേരി അന്തിക്കാട്ട് വീട്ടില്‍ തമ്പി (61) ആണ് പോലീസ് പിടിയിലായത്. മരട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ വൈസ് ചെയര്മാന് ബോബന് നെടുംപറമ്പില്‍ സ്റ്റേഷനിലെത്തി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരെത്തിയ ശേഷം കുടുതല്‍ പരിശോധനയ്ക്കായി നഗരസഭയ്ക്ക് കൈമാറുമെന്നും എസ്ഐ ബൈജു പി ബാബു അറിയിച്ചു.
എന്നാല്‍, ഈ ചക്കപ്പഴം വില്ക്കാന് ഏല്‍പ്പിച്ച യഥാര്‍ഥ ഉടമ ഒളിവിലാണെന്നും തന്റെ വാഹനം വാടകയ്ക്ക് എടുത്തതാണെന്നുമാണ് പിടിയിലായ ആള് പറയുന്നത്. ഉടമയുടെ ഫോണ്‍ നമ്പര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.