ന്യൂഡല്‍ഹി: വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥി പാടില്ലെന്ന ആവശ്യം മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ചതോടെ വടകര സീറ്റ് സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
ഇക്കാര്യം സ്ഥാനാര്‍ത്ഥികള്‍ കെപിസിസി, എഐസിസി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമാണെന്നും സ്ഥാനാര്‍ത്ഥികള്‍ വ്യക്തമാക്കി.
വടകരയില്‍ സിറ്റിങ് എംപിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന് മല്‍സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് തലവേദനയായത്. പുതുമുഖങ്ങളുടെ പേര് കേട്ട് തുടങ്ങിയതോടെയാണ് പി ജയരാജനെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന ശക്തമായ അഭിപ്രായം പാര്‍ട്ടിയില്‍ നിന്നുണ്ടായത്.