കോഴിക്കോട്: ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിക്ക് നല്കിയ യുവാവ് പോലീസ് പിടിയില്‍. അടിവാരം വള്ളിക്കെട്ടുമ്മല്‍ മുനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കമ്പിവേലുമ്മല്‍ അഷ്റഫിന്റെ മകന് അനീഷിന്റെ കൈവശമാണ് ഹല്‍വയില്‍ ഒളിപ്പിച്ച് കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ചത്.
ബുധനാഴ്ച വൈകീട്ട് ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് മുനീഷ് പാര്‍സലുമായി അനീഷിന്റെ അടുത്തെത്തിയത്. പരിചയക്കാരന്
നല്‍കാനെന്ന പേരില്‍ ഹല്‍വക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് അനീഷിന്റെ കൈവശം നല്‍കുകയായിരുന്നു മുനീഷ്. എന്നാല്‍ മുനീഷ് നല്കിയ ഹല്‍വയുടെ പാക്കിങ്ങില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഇത് അഴിച്ചുനോക്കിയപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് വെള്ളിയാഴ്ച മുനീഷിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പിന്നീട് താമരശ്ശേരി പോലീസില്‍ വിവരമറിയിച്ചു. എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്റ്റഡിയിലെടുത്തു.