തിരുവനന്തപുരം: വയനാട് വൈത്തിരിയിലെ റിസോട്ടില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നത് സംശയകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങളും സംശയങ്ങളും പ്രചരിക്കുന്നുണ്ട്. അതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് വയനാടിലെ വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് നേതാവ് സിപി ജലീലായിരുന്നു കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയോരത്തെ റിസോര്‍ട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തുകയും, റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെടുകയുമായിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും മാവോയിസ്റ്റ് സംഘവും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.
അതേസമയം, മാവോവാദികളും പോലീസും ഏറ്റുമുട്ടിയ ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ പോലീസ് തെളിവെടുപ്പ് തുടരുകയാണ്. വെടിയുണ്ടകള്‍ വന്ന ദിശകള്‍ മനസിലാക്കുന്നതിനാണ് അവ തറച്ച സ്ഥലങ്ങളില്‍ പ്രധാനമായും പരിശോധന. റിസോര്‍ട്ട് വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം കര്‍ശന നിയന്ത്രണമുണ്ട്.