കരിപ്പൂര്‍: ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് റാസല്‍ഖൈമയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പറത്തിയത് വനിതകള്‍. ആഘോഷങ്ങളില്‍ പങ്കാളിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ നിയന്ത്രണം മുഴുവനും വനിതാ ജീവനക്കാര്‍ക്ക് നല്‍കുകയായിരുന്നു.
കൂടാതെ വിമാനത്താവളത്തിലെ കൗണ്ടറുകളും ഗ്രൗണ്ട്ഹാന്റ്ലിങും വരെ വനിതകള്‍ ഏറ്റെടുത്തു. വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പൂവും മധുരവും നല്‍കിയാണ് വനിതാ ജീവനക്കാര്‍ വരവേറ്റത്.
കോഴിക്കോടിനുപുറമെ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്, മസ്കറ്റ് വിമാനങ്ങളും വനിതകളാണ് പറത്തിയത്. കൂടാതെ മുംബൈ, ചെന്നൈ, മംഗലാപുരം, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ വനിതാജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്.