മലപ്പുറം: കള്ള ദിവ്യന്മാര് പെരുകുന്നു. കഴിഞ്ഞ ദിവസം മന്ത്രവാദ ചികിത്സയ്ക്കിടെ കരള്‍ രോഗം മൂര്‍ച്ചിച്ച് യുവാവ് മരിച്ചത് വിവാദമായതിന് പിന്നാലെ കപടദിവ്യന്മാരുടെ കൂടൂതല്‍ വിവരങ്ങള്‍ പുറത്ത്. മന്ത്രങ്ങള്‍ ഉരുവിട്ട് പിവിസി പൈപ്പ് വഴി മുഖത്തേക്ക് ഊതി രോഗം മാറ്റാമെന്ന വ്യാജേനെ രോഗികളെ പറ്റിച്ച് പണം തട്ടുന്ന കള്ള ദിവ്യന്മാരെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്.
മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിന് സമീപമാണ് ഇയാളുടെ ഊത്ത് ചികിത്സാകേന്ദ്രം. ഒരുതവണ ഊതാന്‍ 10,000 രൂപയാണ് ഇയാള്‍ വാങ്ങുന്നത്. രോഗത്തിന് കാരണം പിശാച് കയറിയതാണെന്നും ഇതിനെ ശരീരത്തില്‍ നിന്ന് ഒഴിപ്പിച്ചാല്‍ മാത്രമേ രോഗമുക്തി നേടാനാകൂ എന്നും രോഗികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഊത്ത് ചികിത്സ നടത്തുന്നത്.
‘അദൃശ്യ ശക്തി’കളുമായി നിരന്തര സമ്പര്‍ക്കമുള്ള ഒരു പ്രധാന ദിവ്യനും 2 സഹായികളുമാണ് ചികിത്സാ നടത്തുന്നത്. പരമാവധി 3 ഊതല്‍ കൊണ്ടു ഏതു മാറാരോഗവും ഭേദമാകുമെന്നാണ് ഇവര്‍ പറയുക. മറ്റു ചികിത്സകള്‍ പരാജയപ്പെട്ട് നിസ്സഹായരായി നില്ക്കുന്ന രോഗികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവരെ കാന്‍വാസ് ചെയ്താണ് പണം തട്ടുന്നത്.