തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവിടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. ഇടത് സ്ഥാനാര്‍ഥികള്‍ 20 മണ്ഡലത്തിലും വിജയം നേടുമെന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി.
സ്ഥാനാര്‍ഥികളായി പലരുടെയും പേരുകള്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇതൊക്കെ വാസ്തവമാണോ എന്ന് പട്ടിക പുറത്തുവരുമ്പോള്‍ അറിയാം. മത്സരിക്കണമെന്ന് താത്പര്യമുള്ളവര്‍ പേരുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വം ഇവരുടെ പേരുകള്‍ പരിഗണിച്ചിട്ടു പോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിലെ ഘടകകക്ഷികളില്‍ ചിലര്‍ സീറ്റ് ആവശ്യമുന്നയിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും സീറ്റ് ചോദിക്കാന്‍ അര്‍ഹതയുമുണ്ട്. സ്ഥാനാര്‍ഥികളെ ഉഭയകക്ഷി ചര്‍ച്ചയിലൂടെ എല്‍ഡിഎഫ് നേതൃത്വം തീരുമാനിക്കും. ഭിന്നസ്വരങ്ങളുണ്ടാകില്ല. എല്‍ഡിഎഫില്‍ നിന്നും ഒരു കക്ഷിയും പോകില്ല. അത്തരം പ്രതീക്ഷകള്‍ ആരും വച്ചു പുലര്‍ത്തേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.