ഇടുക്കി: കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും. കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യത്തിലാണ് കൃഷി മന്ത്രിയുടെ സന്ദര്‍ശനം. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ വിഎസ് സുനില്‍ കുമാര്‍ പങ്കെടുക്കും. മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന് നടക്കുകയാണ്.
മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിയത്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം പെരുകുകയാണ്.
പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്കുകള്‍. ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത് പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ്. ഇപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.