കൊല്ലം: കുറ്റിക്കാട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. ഇരവിപുരം ഇടക്കുന്നത്ത് തൊടിയില്‍ വീട്ടില്‍ വിനീത് (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലെ കുറ്റിക്കാട്ടിനുള്ളില്‍ വെച്ചാണ് ഇരുവരും ആത്മഹത്യയക്ക് ശ്രമിച്ചത്.
വിനീതിന്റെ ബന്ധുവും മൂന്നുകുട്ടികളുടെ അമ്മയുമായ ഇരുപത്തെട്ടുകാരിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുറ്റിക്കാട്ടിനുള്ളില്‍ കയറിയ കമിതാക്കള്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കരിഞ്ഞുണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിച്ച് പടര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും തീയില്‍നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിനീത് മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
കൊല്ലത്തുനിന്ന് സ്റ്റേഷന് ഓഫീസര്‍ സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘമെത്തിയാണ് തീകെടുത്തിയത്. ഇരവിപുരം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തു. ബുധനാഴ്ച സയന്റിഫിക് വിദഗ്ധരടക്കം എത്തി വിശദമായ പരിശോധന നടത്തും.