നെടുമ്പാശേരി: അരയില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ആള് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ പിടിയില്‍. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അലക്സ് മാത്യു(59) ആണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം.
വിമാനത്താവളങ്ങളില്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കവാടത്തിലും ദേഹപരിശോധന നടത്തിയിരുന്നു. ഈ സമയത്ത് അലക്സ് മാത്യു ദേഹപരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെടുകയും തന്റെ അരയില്‍ ബെല്‍റ്റ് ബോംബ് ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തുന്നതിനായി പിന്നീട് നെടുമ്പാശേരി പോലീസിന് കൈമാറി. തിങ്കളാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ ഭുവനേശ്വറിലേക്ക് പോകുവാനാണ് ഇയാള്‍ നെടുമ്പാശേരിയില്‍ എത്തിയത്.