കൊല്ലം: അധ്യാപികമാരുടെ മൂത്രപ്പുരയില്‍ മോഡവും ഒളിക്യാമറയും വെച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. കൊട്ടാരക്കര താലൂക്കിലെ കിഴക്കന്‍ മേഖലയിലെ ഒരു അംഗന്‍വാടിയിലാണ് സംഭവം. ശുചിമുറിയില്‍ പോയ ഒരു അധ്യാപികയാണ് ചൂലിനടിയില്‍ ഒളിപ്പിച്ചിരുന്ന വൈഫൈ മോഡം കണ്ടത്. മോഡവുമായി പുറത്തിറങ്ങിയ അധ്യാപിക വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
അംഗന്‍വാടി അധ്യാപികമാരുടെ മേഖലായോഗം ഇവിടെ വെച്ചായിരുന്നു നടന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള യോഗത്തില്‍ മുപ്പത്തഞ്ചിലേറെ അധ്യാപികമാര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ ശുചിമുറിയില്‍ പോയ അധ്യാപികമാരില്‍ ഒരാളാണ് ചൂലിനടിയില്‍ ഒളിപ്പിച്ചു വെച്ച വൈഫൈ മോഡം കണ്ടത്.
മോഡം പ്രവര്‍ത്തന സജ്ജമായ നിലയിലായിരുന്നു. എന്നാല്‍ ഒളി ക്യാമറ എവിടെയാണ് വെച്ചതെന്ന് ഇവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സാമൂഹ്യവിരുദ്ധര്‍ മൂത്രപ്പുരയുടെ മറ്റൊരു വശത്ത് ഒളിക്യാമറ വച്ചശേഷം മോഡം വഴി ദ്യശ്യങ്ങള്‍ തത്സമയം വീക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നത്.
യോഗം നടക്കുന്നതിനിടെ മൂത്രപ്പുരയില്‍ ഒരു യുവാവിനെ കണ്ടതായി അധ്യാപികമാര്‍ പറഞ്ഞു. ഉടന്‍ തന്നെ അധ്യാപികമാര്‍ കൊട്ടാരക്കര പോലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് പരിസരം പരിശോധിച്ച ശേഷം മോഡം കൊണ്ടുപോയി. ദ്യശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപികമാര്‍ റൂറല്‍ എസ്പിക്കും പരാതി നല്കി.
hidden camera in anganwadi teachers toilet