തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനകത്തുണ്ടായ തീപ്പിടിത്തത്തില്‍ പെരുമ്പാമ്പ് വെന്തുചത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഒരേക്കറോളം വരുന്ന പുല്‍ക്കാടുകളില്‍ തീ പടര്‍ന്നുപിടിച്ചത്. സി സോണ്‍ കലോത്സവ വേദിയായ ഓപ്പണ്‍ എയര്‍ തിയേറ്ററിന് പിറകുവശത്തായിരുന്നു തീപ്പിടിത്തം.
തീപ്പിടിത്തത്തില്‍ പെരുമ്പാമ്പടക്കം കിളികളും ചെറുജീവികളും വെന്തുചത്തു. പച്ചമരങ്ങള്ക്കുപോലും തീ പിടിച്ചു. ഒരു മരത്തിലുണ്ടായിരുന്ന കിളിക്കൂട് ആളിപ്പടര്‍ന്ന തീയില്‍ വീണു. കുറ്റിക്കാട്ടില്‍നിന്ന് പാതി വെന്തനിലയില്‍ പെരുമ്പാമ്പിനെയും കണ്ടെത്തി.
പോലീസും സുരക്ഷാ ജീവനക്കാരും കലോത്സവ വൊളന്റിയര്‍മാരും തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മീഞ്ചന്തയില്‍നിന്ന് അഗ്നിരക്ഷാസംഘം എത്തുമ്പോഴേക്കും ഏറെക്കുറെ കത്തി നശിച്ചിരുന്നു. ഇവിടെയുള്ള ഉണങ്ങിയ പുല്‍ക്കാടുകള്‍ക്ക് സ്ഥിരമായി തീപ്പിടിക്കാറുണ്ട്.