കാഞ്ഞിരമറ്റം: മാതാപിതാക്കള്‍ക്കൊപ്പം വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരന് പാമ്പുകടിയേറ്റ് മരിച്ചു. കുലയറ്റിക്കര മാമ്പുഴയില്‍ തെക്കേത്തറയില്‍ വീട്ടില്‍ ജിതിന് രാജിന്റേയും റെബീനയുടേയും മകന് റിഗ്വിത്താണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പുതുതായി പണിത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു റിഗ്വിത്ത്. വെളുപ്പിന് ഒന്നരയോടെ നിര്‍ത്താതെ കരയാന്‍ തുടങ്ങിതോടെ മാതാപിതാക്കള്‍ റിഗ്വിത്തിനെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
അധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വീട്ടില്‍ ഏതാനും മാസം മുന്‍പാണ് ഇവര്‍ താമസം തുടങ്ങിയത്. മൂന്ന് ദിവസം മുന്‍പ് ബന്ധുക്കളുടെ വീട്ടില്‍ പോയിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിനിടെയായിരിക്കാം പാമ്പ് വീട്ടില്‍ കയറിക്കൂടിയതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.