പത്തനംതിട്ട: സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍ ഒരുമാസത്തിനിടെ പൂര്‍ണമായി കത്തിനശിച്ചത് 410 ഏക്കര്‍ വനഭൂമിയെന്ന് വനംവകുപ്പ്. ഭാഗികമായി കത്തിയ വനഭൂമിയുടെ വിസ്തീര്ണംകൂടി കണക്കാക്കിയാല്‍ നഷ്ടം ഇതിലും ഉയരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
പത്തുവര്‍ഷത്തിനിടെ ഇതാദ്യമാണ് കാട്ടുതീ ഇത്രയധികം വ്യാപകമാകുന്നത്. കാട്ടുതീയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ്. 180 ഏക്കറിലധികം ഭൂമിയാണ് ഇവിടെ അഗ്നിക്കിരയായത്. ഇതില്‍ അഗളി, അട്ടപ്പാടി റെയ്ഞ്ചുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് നഷ്ടമേറെയും.
പുല്‍മേടുകള്‍, വരണ്ട ഇലപൊഴിയും കാടുകള്‍, മുള്‍ക്കാടുകള്‍ എന്നിവയെയാണ് തീപ്പിടിത്തം അധികവും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിനിടെ വനങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജലാശയങ്ങളില്‍ മണ്ണുമൂടി ഒഴുക്കുനിലച്ചതും ഉറവകള്‍ വറ്റിയതുമാണ് തീ ഇത്രയധികം വ്യാപിക്കുന്നതിന് കാരണമായതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ദിനംപ്രതി ചൂട് വര്‍ധിച്ചുവരുന്നതും കാട്ടുതീ പടര്‍ന്ന് പിടിക്കാന്‍ വഴിവെയ്ക്കുന്നു. വരുംദിവസങ്ങളില്‍ ചൂടുകൂടിയാല്‍ തീപ്പിടിത്തം കൂടുതല്‍ ഭാഗങ്ങളില്‍ വ്യാപിക്കാനുള്ള സാധ്യതയേറെയാണെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.