തൃശ്ശൂര്‍: മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് ഹാക്ക് ചെയ്ത് കോളേജ് അധ്യാപകന്റെ പണം തട്ടി. മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളേജിലെ കൊമേഴ്സ് അധ്യാപകന് വടമ പാലപ്പറമ്പില്‍ അജീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 15,000 രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്.
ചൊവ്വാഴ്ച വൈകീട്ട് 4.45-ഓടെയാണ് സംഭവം. ബാങ്കില്‍നിന്നാണെന്ന് പറഞ്ഞ് അജീഷിന്റെ ഫോണിലേക്ക് 6202152756 എന്ന നമ്പറില്‍നിന്നും കോള്‍ വന്നു. എടിഎം കാര്‍ഡിന്റെ കാലാവധി കഴിഞ്ഞുവെന്നും ഉടന്‍ പുതുക്കണമെന്നും ഇവര്‍ അറിയിച്ചു. കുറച്ച് കഴിഞ്ഞ് ഇതേ നമ്പറില്‍ നിന്നും വീണ്ടും കോള്‍ വന്നു. ഇത് അറ്റന്‍ഡ് ചെയ്തപ്പോള്‍ ഫോണിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് അജീഷ് പറഞ്ഞു.
പിന്നീട് ഫോണിലേക്ക് വന്ന ഒടിപി നമ്പറും അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐഎഫ്എസ് കോഡും രണ്ടുപേര്‍ തമ്മില്‍ പറഞ്ഞുകൊടുക്കുന്നത് അജീഷ് കേട്ടു. ഉടന്‍ ഫോണ്‍ കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും അക്കൗണ്ടില്‍നിന്ന് 9,999 രൂപ പിന്‍വലിച്ചതായി മെസേജ് വന്നു.
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം 5000 രൂപ കൂടി പിന്‍വലിച്ചതായി വീണ്ടും മെസേജ് ലഭിച്ചു. പണം നഷ്ടമായതോടെ അജീഷ് ഉടന്‍ തന്നെ മറ്റൊരു ഫോണില്‍ നിന്ന് ബാങ്കിലേക്ക് വിളിച്ച് അക്കൗണ്ട് മരവിപ്പിച്ചു. അതിനാല്‍ കൂടുതല്‍ തുക നഷ്ടമായില്ല. സംഭവത്തെ തുടര്‍ന്ന് അജീഷ് സൈബര്‍ സെല്ലില്‍ പരാതി നല്കി. അന്വേഷണം ആരംഭിച്ചതായി മാള എസ്എച്ച്ഒ കെകെ ഭൂപേഷ് പറഞ്ഞു.
ഇതേ രീതിയില്‍ അഞ്ച് അധ്യാപകര്‍ക്കുകൂടി കോള്‍ വന്നിരുന്നു. എന്നാല്‍, പണം നഷ്ടമാകുന്നതിനെക്കുറിച്ച് അറിയാമായിരുന്നതിനാല്‍ അവരാരും കോള്‍ എടുത്തില്ല. മറ്റ് അധ്യാപകരും അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മേലധികാരികളെ ധരിപ്പിച്ചിട്ടുള്ളതായി ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ അറിയിച്ചു.