കൊല്ലം: കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഫെബ്രുവരി 16 നാണ് വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിച്ചത്. സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു രഞ്ജിത്തിനെ ആളുമാറി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ ജയില്‍ വാര്‍ഡനായ വിനീത് ഇപ്പോള്‍ ഒളിവിലാണ്.