കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പോലീസ് സുരക്ഷ പിന്‍വലിച്ചു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിസ്റ്റര്‍ ലിസി വടക്കേയിലിന് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്ന് കോടതി അറിയിച്ചു.
പോലീസ് മുവാറ്റുപുഴയിലെ മഠത്തില്‍ താമസിച്ച് സുരക്ഷ നല്കുന്നതില് അസൗകര്യമുണ്ടെന്ന് കാണിച്ച് എഫ്സിസി അധികൃതര്‍ നല്കിയ പരാതിയിലാണ് കോടതി നടപടി. അതേസമയം, മഠത്തില്‍ താമസിക്കണമെങ്കില്‍ സഭനിയമം അനുസരിക്കേണ്ടി വരുമെന്ന് എഫ്സിസി മദര്‍ സുപ്പീരിയര്‍ വ്യക്തമാക്കി. കൗണ്‍സില്‍ തീരുമാനം അനുസരിച്ച് വിജയവാഡ സഭാംഗമായ സിസ്റ്റര്‍ ലിസി ഉടന്‍ ആന്ധ്രയില്‍ എത്തണമെന്നും എഫ്സിസി അധികൃതര്‍ അറിയിച്ചു.
എന്നാല്‍, എഫ്സിസി അധികൃതര്‍ മഠത്തില്‍ തടങ്കലിലാക്കിയെന്ന പരാതിയില്‍ സിസ്റ്റര്‍ ലിസി നല്കിയ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.