തൊടുപുഴ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന് നിര്‍ബന്ധം പിടിച്ച് പിജെ ജോസഫ്. കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്നും ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പിജെ ജോസഫ് തൊടുപുഴയില്‍ വ്യക്തമാക്കി.
രണ്ട് സീറ്റുകളാണ് നേരത്തെ കേരള കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ ലീഗിന്റെ സീറ്റുകളുടെ എണ്ണവുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ പിജെ ജോസഫ് തനിക്ക് മത്സരിക്കാനുള്ള ആഗ്രഹവും തുറന്നുകാട്ടി. ലോക്സഭയിലേക്ക് പോയാല്‍ കൊള്ളാമെന്നും മത്സരിക്കാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നിഷാ ജോസ് കെ മാണി മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാനിരിക്കുകയാണെന്നും പിജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.